സമുദായാചാര്യൻ ഭാരത കേസരി മന്നത്തു പത്മനാഭന്റെ 144-ാം ജയന്തി നായർ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഇന്ന് സംസ്ഥാനവ്യാപകമായി ആചരിക്കുകയാണല്ലോ. കോവിഡ് മൂലം ആഘോഷ പരിപാടികൾ ഒഴിവാക്കിയിട്ടുണ്ട്. ഈയവസരത്തിൽ മന്നം എന്ന മഹാനുഭാവന്റെ വിശിഷ്ട സാന്നിധ്യം നേരിട്ടനുഭവിച്ച നാല് അവസരങ്ങൾ ഇപ്പോഴും എന്റെ ഓർമ്മയിൽ പച്ച പിടിച്ചു നിൽക്കുന്നു.
ആദ്യമായി അദ്ദേഹത്തെ കണ്ടത് ഏതാണ്ട് പത്ത് വയസ്സിലാണെന്ന് തോന്നുന്നു. അദ്ദേഹം എൻ.എസ്.എസ്. ന്റെ ആദ്യകാല ഓർഗനൈസിങ് സെക്രട്ടറിയും ഡയറക്ടർ ബോർഡ് മെമ്പറുമായിരുന്ന
യശഃ ശ്രീ. പുലിയൂർ ടി.പി.വേലായുധൻ പിള്ളയെ (എന്റെ മാതൃപിതാവ് (അപ്പൂപ്പൻ)) കാണാൻ ചെങ്ങന്നൂർ ശ്രീവിലാസ് തറവാട്ടിൽ വന്നപ്പോഴായിരുന്നു അത്. അപ്പോൾ അദ്ദേഹം ഇരുന്നത് അപ്പൂപ്പന്റെ ചാരുകസേരയിലാണെന്നുള്ള ത് ഇപ്പോഴും വളരെ വ്യക്തമായി ഓർക്കുന്നു. സൂര്യതേജസ്സോടെ തിളങ്ങിയ ആ മുഖവും സൗമ്യതയും ഗാഭീര്യവും ഒത്തിണങ്ങിയ ആ മന്ദസ്മിതവും ഒരു കെടാവിളക്കുപോലെ ഇപ്പോഴും മനസ്സിൽ തങ്ങി നിൽക്കുന്നു.
പിന്നീട് രണ്ടു പ്രാവശ്യം നായർ സർവീസ് സൊസൈറ്റിയുടെ ചങ്ങനാശ്ശേരിയിലുള്ള ആസ്ഥാന മന്ദിരത്തിൽ നടന്ന ഡയറക്ടർ ബോർഡ് മീറ്റിംഗിന് അപ്പൂപ്പനോടൊപ്പം പോയപ്പോൾ അദ്ദേഹത്തെ കൂടുതൽ മനസ്സിലാക്കാൻ കഴിഞ്ഞു. മീറ്റിങ് സമയത്ത് അദ്ദേഹം മുറുക്കാൻ ചെല്ലത്തിൽ നിന്നും മുറുക്കാൻ എടുക്കുന്നത് നല്ലതുപോലെ ഓർമ്മയുണ്ട്. ഒരു പ്രാവശ്യം അദ്ദേഹം പുറത്തെവിടെയോ നിന്ന് ഊണ് സമയത്ത് പായസം വാങ്ങിച്ചു തന്നതോർക്കുന്നു. 'സദ്യയായിട്ട് പായസം ഇല്ലേ' എന്ന നിഷ്കളങ്കമായ ചോദ്യം ഞാൻ അന്നു ചോദിച്ചുവെന്ന് പിന്നീട് അപ്പൂപ്പനിൽ നിന്നും മനസിലായി.
നാലാമത് അദ്ദേഹത്തിന്റെ സന്നിധിയിൽ ചെല്ലാനായത് അദ്ദേഹം അന്തരിച്ച വേളയിലാണ്. അക്കാലത്ത് തമിഴ് സിനിമയിലെ മുടിചൂടാമന്നനായ താരവും പിൽക്കാലത്തു തമിഴ് നാട് മുഖ്യമന്ത്രിയുമായ പുരട്ച്ചി തലൈവർ എം.ജി. രാമചന്ദ്രനെ ആ അവസരത്തിൽ വളരെ അടുത്ത് നേരിട്ട് കാണാനായി. കൈകെട്ടി ആലോചനാനിമഗ്ദനായി ഭിത്തിയിൽ ചാരിനിൽക്കുന്ന എം.ജി.ആർ. നെ ഞാൻ കണ്ണെടുക്കാതെ നോക്കി നിന്നു.
ഇങ്ങനെ നാലവസരങ്ങളിൽ എനിക്ക് മന്നം എന്ന മഹാത്മാവിന്റെ സന്നിധിയിൽ നിൽക്കാൻ കഴിഞ്ഞു. ജീവിതത്തിലെ ഏറ്റവും ധന്യമായ നിമിഷങ്ങൾ ആയിരുന്നു അവ. ഇതിനെല്ലാം കാരണ ഭൂതനായ സ്നേഹനിധിയായ അപ്പൂപ്പനെ ഈ അവസരത്തിൽ ഭക്ത്യാദരപൂർവ്വം സ്മരിയ്ക്കുന്നു.
തേജോമയനായിരുന്ന മന്നത്തെക്കുറിച്ചോർക്കുമ്പോൾ പൂർണ്ണ ശോഭയോടെ ജ്വലിച്ചു നിൽക്കുന്ന സൂര്യ ചന്ദ്രന്മാരും എഴുതിരിയിട്ട് കത്തിച്ച് വച്ചിരിക്കുന്ന ഒരു വലിയ വിളക്കുമാണ് മനസ്സിൽ തെളിഞ്ഞുവരുന്നത്. അദ്ദേഹം അങ്ങനെയുള്ള പ്രതിബിംബങ്ങളാണ് മനസ്സിലുണ്ടാക്കിയത്.
No comments:
Post a Comment