ദശാബ്ദങ്ങളായി അലട്ടിക്കൊണ്ടിരുന്ന ഏതാനും പ്രശ്നങ്ങൾക്ക് ഈ അടുത്ത കാലത്ത് ഏറെക്കുറെ രമ്യമായ പരിഹാരമുണ്ടാക്കാൻ സാധിച്ചത് ഇൻഡ്യയെ സംബന്ധിച്ചിടത്തോളം വളരെയധികം അഭിനാർഹമായ നേട്ടമാണ്. ചില അതിർത്തി രാജ്യങ്ങളുടെ ശത്രുതാമനോഭാവം ഉയർത്തിക്കൊണ്ടിരിക്കുന്ന വെല്ലുവിളികൾ ഇപ്പോൾ രാജ്യത്തിന് മറ്റൊരു തലവേദനയാണ്. അവയും നേരിടാൻ ഇൻഡ്യയ്ക്ക് കഴിയുമെന്നുള്ളതിൽ സംശയമില്ല.
ഇതിനെല്ലാം പുറമെ ശാശ്വത പരിഹാരം ആവശ്യപ്പെടുന്ന നിരവധി ആഭ്യന്തര പ്രശ്നങ്ങൾ രാജ്യത്തിനുണ്ട്. അവയിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്നതാണ് കള്ളപ്പണം നയിക്കുന്ന സമാന്തര സമ്പത്‌വ്യവസ്ഥയുണ്ടാക്കുന്ന സാമൂഹ്യ സാമ്പത്തിക പ്രശ്നങ്ങൾ. സാമ്പത്തിക കുറ്റങ്ങളും അതിവേഗം വ്യാപിയ്ക്കുന്നു. നികുതികൊടുക്കാത്ത, കണക്കിൽപ്പെടാത്ത പണത്തിന്റെയും ബിനാമി സ്വത്തിന്റെയുമൊക്കെ വളർച്ചയ്ക്കും ബാഹുല്യത്തിനും തടയിടാനുതകുന്ന കാര്യമായ നടപടികളൊന്നും ഉണ്ടാകുന്നില്ല എന്ന സത്യത്തിന്റെ നേരെ കണ്ണടയ്‌ക്കേണ്ട കാര്യമില്ല. അതെല്ലാം നിർബാധം നടന്നുകൊണ്ടേയിരിക്കുന്നു. അഴിമതിയും, അധികാര ദുർവിനിയോഗവും കള്ളക്കടത്തും, ഹവാല ഇടപാടുകളും, ബാങ്ക് വായ്പാ തട്ടിപ്പുകളും നികുതി വെട്ടിപ്പും ഒക്കെ സമ്പത് വ്യവസ്ഥയിൽ ആധിപത്യം നേടിയിരിക്കുന്നു. നിയമം നിസ്സഹായമാകുന്നു.
ഇങ്ങനത്തെ ഒരു സാമ്പത്തിക രംഗം നേരെയാക്കുവാൻ എന്നാണിനി നടപടികളുണ്ടാകുന്നത്? എന്തുകൊണ്ട് ഇക്കാര്യത്തിൽ അലംഭാവം ഉണ്ടാകുന്നു?
No comments:
Post a Comment