ഉരുൾ പൊട്ടൽ എന്നത് കേരളത്തിന് വളരെ പരിചിതമായ ഒരു പ്രതിഭാസമാണ്. നിരവധി ശാസ്ത്രീയ പഠനങ്ങൾ നടന്ന ഒരു മേഖലയാണ് ഇത്. ഇക്കഴിഞ്ഞ ദിവസം ഉരുൾപൊട്ടൽ ദുരന്തമുണ്ടായ പെട്ടിമുടി പ്രദേശത്തെക്കുറിച്ചു പറയുകയാണെങ്കിൽ, 2011-ൽ പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി ഈ പ്രദേശത്തെ അതീവലോല പരിസ്ഥിതി മേഖലയിലാണ് ഉൾപ്പെടുത്തിയത്. കഴിഞ്ഞ കുറേ വർഷങ്ങളായി അടിയ്ക്കടി കേരളത്തിൽ പല പ്രദേശങ്ങളിൽ ഉരുൾപൊട്ടലുകൾ ദുരന്തം വാരി വിതച്ചു കൊണ്ടിരിക്കുകയാണ്.
ഇതൊക്കെയായിട്ടും ഉരുൾപൊട്ടൽ ദുരന്തത്തെ നേരിടാനായി യാതൊരു നടപടികളും അധികാരികൾ എടുക്കാത്തതിന്റെ പിന്നിലെ ചേതോവികാരം മനസ്സിലാകുന്നില്ല. ഉരുൾപൊട്ടൽ ഉണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരെ അവിടെനിന്ന് സ്ഥിരമായി മാറ്റിത്താമസിപ്പിയ്ക്കാനുള്ള ഒരു നടപടിയും ഉണ്ടാകുന്നില്ല. എല്ലാ വർഷവും ദുരന്തം സംഭവിക്കാനായി കാത്തിരിക്കുന്നതു പോലെ തോന്നും. സംഭവിച്ചു കഴിയുമ്പോൾ ഹെലികോപ്ടറുകളിൽ ഓടിയെത്തി മരിച്ചവരുടെ ആശ്രിതർക്ക് നാലോ അഞ്ചോ ലക്ഷം രൂപ ഇതാ ഇപ്പൊ കൊടുക്കും എന്ന് വാർത്താ ചാനലുകളുടെ ക്യാമറയിലേക്ക് നോക്കി ദുഃഖം ഘനീഭവിച്ച മുഖത്തോടെ പ്രഖ്യാപിച്ചിട്ട് തിരിച്ചു പറക്കുകയും ചെയ്യും. ഇതല്ലാതെ യാതൊന്നും നടക്കുന്നില്ല.
മലയും കായലും പുഴയും വരെ കയ്യേറി ഏക്കറു കണക്കിന് ഭൂമി പലരും കയ്യടക്കി വച്ചിരിക്കുന്ന കേരള സംസ്ഥാനത്തിന്റെ കാര്യമാണ് പറയുന്നത്. കുറെപ്പേർക്ക് ഭൂമി സൗജന്യമായി പതിച്ചുകൊടുക്കുന്നതിന് തുല്യമായ ഈ ഏർപ്പാട് നിലനിൽക്കുന്ന സംസ്ഥാനത്ത് കുറേപ്പേരോട് നിങ്ങളൊക്കെ ഉരുൾപൊട്ടലിൽ മരിയ്ക്കാൻ വിധിയ്ക്കപ്പെട്ടവരാണ് എന്ന് വിളിച്ചുപറയുന്നതുപോലെയാണ് ഈ നീചമായ സമീപനം. ഭൂമിയിൽ സുരക്ഷിതമായി ജീവിയ്ക്കുവാനുള്ള അവകാശം എല്ലാവർക്കുമുണ്ട്. അതുറപ്പാക്കാനുള്ള ഉത്തരവാദിത്തം ഭരണാധികാരികൾക്കും.
ഇത്തരം സമീപനങ്ങളിൽ സമൂലമായ മാറ്റമാണ് സമൂഹം ആഗ്രഹിയ്ക്കുന്നത്.
No comments:
Post a Comment