Sunday, August 23, 2020

മുന്നോട്ടു പോകാൻ


മറ്റു ദക്ഷിണേൻഡ്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം വ്യാവസായികമായി വളരെയധികം പിന്നോക്കം നിൽക്കുന്നതിനു കാരണങ്ങൾ നിരവധിയുണ്ടെങ്കിലും എടുത്തുപറയേണ്ട ഒന്നാണ്  വ്യവസായികളോടും സംരംഭകരോടുമുള്ള സംസ്ഥാനത്ത് നിലവിലുള്ള പൊതുമനോഭാവം. സ്വന്തമായി ഒരു വ്യവസായമോ മറ്റു സംരംഭമോ ഒക്കെ നടത്തുന്നവർ സമ്പത് വ്യവസ്ഥയുടെ കൈത്താങ്ങുകളും ചാലക ശക്തികളുമാണെന്നുള്ള സത്യം ഒന്നുകിൽ കാണാതെ പോകുന്നു, അല്ലെങ്കിൽ അത് അംഗീകരിയ്ക്കുവാൻ മടി കാണിയ്ക്കുന്നു. അവരെല്ലാം നിരവധി കുടുംബങ്ങളുടെ അന്നദാതാക്കളാണെന്ന പരമാർത്ഥത്തിനു നേരെ കണ്ണടയ്ക്കുന്നു. അവർക്കെല്ലാം സ്വാർത്ഥതാല്പര്യങ്ങൾ മാത്രമേയുള്ളൂ എന്ന ധാരണ പരത്തുന്നതിൽ ഇവിടത്തെ രാഷ്ട്രീയ പാർട്ടികളുൾപ്പടെയുള്ള പല പ്രസ്ഥാനങ്ങളും അവയുടെ പോഷക സംഘടനകളുമൊക്കെ ഉത്തരവാദികളാണ്. 

ഒരു  സംരഭം അല്ലെങ്കിൽ വ്യവസായം നടത്തിക്കൊണ്ടു പോകുന്നതിലെ യാതനകളും കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും ആത്മസംഘർഷങ്ങളുമൊന്നും  മനസിലാക്കാനുള്ള വിശാലമനസ്കതയോ ആർജ്ജവമോ  മേൽപ്പറഞ്ഞ   പ്രസ്ഥാനങ്ങൾക്കില്ല. ഇതുകൊണ്ടെല്ലാം ഏതെങ്കിലും ഒരു വ്യവാസായിയോ  സംരംഭകനോ കേരളത്തിൽ എന്തെങ്കിലും ഒരു സംരഭം ആരംഭിയ്ക്കാൻ പോകുന്നു എന്ന സൂചന കിട്ടുമ്പോൾ തന്നെ വിവിധ ഭാഗങ്ങളിൽ നിന്നും കഴമ്പില്ലാത്ത എതിർപ്പുകളുടെയും വിവാദങ്ങളുടെയും വിമർശനങ്ങളുടെയും  ഘോഷയാത്ര തന്നെ തുടങ്ങുന്നു. ഇത് സംരംഭകന്റെ മനോവീര്യവും  ആത്മവിശ്വാസവും കെടുത്തുന്ന തരത്തിലേക്ക് പലപ്പോഴും എത്താറുണ്ട്. പല സംരംഭങ്ങളും  മുളയിലേ നുള്ളപ്പെട്ട തിന്റെ  ദൃഷ്ടാന്തങ്ങളുമുണ്ട്.

കാലാകാലങ്ങളിലായി നിലനിന്നുപോരുന്ന ഈ മനോഭാവത്തിന്   കേരള സംസ്ഥാനം വലിയ വില കൊടുത്തുകൊണ്ടിരിയ്ക്കുന്നു. ഈ മനോഭാവത്തിൽ  മാറ്റം വന്നാൽ മാത്രമേ കേരളം രക്ഷപെടുകയുള്ളൂ എന്ന് തോന്നുന്നു. കാരണം അതോടൊപ്പം അതുമായി ബന്ധപ്പെട്ടു നിൽക്കുന്ന മറ്റു പല പ്രശ്നങ്ങൾക്കും പരിഹാരമാകും.

No comments:

A Lofty Principle

One of the most lofty doctrines of the Constitution of India is Article 14 which provides for equality before the law or equal protection of...