ആരോഗ്യ രംഗം, വിദ്യാഭ്യാസം തുടങ്ങിയ ചുരുക്കം ചില മേഖലകളിൽ എടുത്തു പറയത്തക്ക ചില നേട്ടങ്ങളൊക്കെ കേരളം ഉണ്ടാക്കിയിട്ടുണ്ടെങ്കിലും ധാർമ്മികമായ ഒരു അപചയം ഈ സംസ്ഥാനത്തെ ബാധിച്ചിട്ട് വർഷങ്ങളായി. ഈ അപചയം രാഷ്ട്രീയം, സാമൂഹ്യജീവിതം, കലാസാഹിത്യ രംഗം തുടങ്ങി ഏതാണ്ടെല്ലാ മേഖലകളെയും ബാധിച്ചിട്ടുണ്ട്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളുടെയും ലോകത്തിന്റെ തന്നെയും പരിഹാസത്തിനു പാത്രമാകുന്ന നിരവധി സംഭവങ്ങൾ ഇവിടെ അരങ്ങേറുന്നുണ്ട്.
പ്രകൃതി കനിഞ്ഞുനൽകിയ വിഭവങ്ങളും, ഉയർന്ന സാക്ഷരതയും, മനുഷ്യശേഷിയും നല്ല കാലാവസ്ഥയുമൊക്കെയുള്ള കേരളത്തിൻറെ ഇന്നത്തെ അവസ്ഥ സാമൂഹ്യശാസ്ത്രം, മനഃശാസ്ത്രം, രാഷ്ട്രമീമാംസ തുടങ്ങിയ മേഖലകളിലെ വിദഗ്ധരടങ്ങുന്ന ഒരു സമിതിയുടെ പഠനത്തിനും അപഗ്രഥനത്തിനും വിധേയമാക്കേണ്ടതാണ്. ധാർമികമായും രാഷ്ട്രീയമായും സാംസ്കാരികമായുമൊക്കെ കേരളത്തെ കൈപിടിച്ചു മുന്നോട്ടു കൊണ്ടുപോകാനായി ഇവിടെ സത്യസന്ധതയും സ്വഭാവമഹിമയും കഴിവും വിദ്യാഭ്യാസവും അനുഭവ സമ്പത്തും വ്യക്തമായ കാഴ്ചപ്പാടും ഒക്കെയുള്ള ഒരു നേതൃനിര പൊതുരംഗത്ത് ഉരുത്തിരിഞ്ഞു വരേണ്ടതുണ്ട് .
അതുപോലെ തന്നെ കേരളസമൂഹത്തിന്റെ മനോഭാവത്തിലും സമഗ്രമായ ഒരു മാറ്റം ആവശ്യമാണ്. കുറച്ചുകൂടെ വിശാലമായ, സങ്കുചിത്വമില്ലാത്ത, പക്വമായ, ദേശീയമായ ഒരു കാഴ്ചപ്പാടും സമീപനവും ചിന്താധാരയും ഇവിടെ ഉണ്ടാകേണ്ടതുണ്ട്. അത് വളരെ ബോധപൂർവം,ശ്രദ്ധാപൂർവം, കഴിവുള്ള ഒരു നേതൃനിര നെയ്തെടുക്കേണ്ട ഒരു കാര്യമാണ്. അതിന് സമയമെടുക്കും. പക്ഷെ അതിന് നാന്ദി കുറിയ്ക്കേണ്ട സമയം വൈകുന്നില്ലേ എന്ന് സന്ദേഹമുണ്ട്. അത്തരം ഒരു പരിവർത്തനം ഉണ്ടായില്ലെങ്കിൽ പിന്നെ കേരളത്തിനെ രക്ഷിയ്ക്കുവാൻ ആർക്കും കഴിയുകയില്ല. ആ പരിവർത്തനത്തിന്റെ ശംഖൊലി കേൾക്കാനായി കേരളം കാതോർക്കുന്നു.
No comments:
Post a Comment