Sunday, July 26, 2020

സ്വാഭാവിക നീതി, സാമൂഹ്യ നീതി


മുപ്പതോ നാല്പതോ വർഷങ്ങൾ ജോലി ചെയ്ത് ജീവിത സൂര്യൻ പടിഞ്ഞാറൻ ചക്രവാളത്തിലേക്ക് നീങ്ങുമ്പോൾ   ലക്ഷക്കണക്കിനാളുകൾ സേവനത്തിൽ നിന്ന് വിരമിയ്ക്കുന്നു.  ഇവരിൽ ഒരു ഗണ്യമായ വിഭാഗത്തിന് പെൻഷനോ യാതൊരു തരത്തിലുള്ള സാമൂഹ്യ സുരക്ഷാ പദ്ധതിയോ ഇല്ല. വേറൊരു വിഭാഗത്തിന് വളരെ തുച്ഛമായ (പ്രതിമാസം ആയിരം രൂപയ്ക്കടുത്ത്) പ്രോവിഡന്റ് ഫണ്ട് പെൻഷൻ ലഭിയ്ക്കുന്നു. രണ്ടാമത്തെ വിഭാഗത്തിൽ ധാരാളം പൊതുമേഖലാ  സ്ഥാപനങ്ങളിൽ നിന്നും വിരമിച്ചവരും ഉൾപ്പെടുന്നു. വെറും തുച്ഛമായ പെൻഷൻ ലഭിക്കുന്ന ഈ രണ്ടാമത്തെ വിഭാഗം ഒന്നാമത്തെ വിഭാഗത്തിൽ നിന്നും വളരെ വ്യത്യസ്തമല്ല. 

ഇനി, ശേഷിയ്ക്കുന്ന ഭീമമായ ഒരു വിഭാഗമുണ്ട്. ഈ വിഭാഗത്തിന് പതിനായിരങ്ങൾ മുതൽ ഒരു ലക്ഷത്തിലേറെ രൂപ വരെ പ്രതിമാസ പെൻഷൻ ലഭിയ്ക്കുന്നു. കേന്ദ്ര സംസ്ഥാന  സർക്കാർ സർവീസുകളിൽ നിന്നും, ഡിഫെൻസ് സർവീസിൽ നിന്നും, വിദ്യാഭ്യാസ മേഖലയിൽ നിന്നും, ബാങ്കിങ്, ഇൻഷുറൻസ് തുടങ്ങിയ സർവീസുകളിൽ നിന്നുമൊക്കെ വിരമിച്ചവരാണ് ഈ മൂന്നാമത്തെ വിഭാഗത്തിൽ പെടുന്നത്. ആകർഷകമായ പെൻഷന് പുറമെ മറ്റു നിരവധി ആനുകൂല്യങ്ങളും ഈ  മൂന്നാമത്തെ വിഭാഗത്തിലുള്ള ചിലർക്ക് ലഭിയ്ക്കുന്നു. രണ്ടു വർഷം നിയമസഭയിലോ പാർലമെന്റിന്റെ അംഗമായി ഇരുന്നവർക്കും വളരെ ആകർഷകമായ പെൻഷൻ ലഭിയ്ക്കുന്നു.  

പെൻഷൻ എന്നത് ഒരു സാമൂഹ്യ സുരക്ഷാ പദ്ധതിയാണെന്നാണല്ലോ സങ്കൽപം. അപ്പോൾ ഇങ്ങനെയുള്ള ഒരു  സാമൂഹ്യ സുരക്ഷ സേവനത്തിൽ നിന്നും വിരമിച്ച എല്ലാവർക്കും നൽകാനുള്ളതല്ല എന്നാണോ ഉദ്ദേശിക്കുന്നത് ? മേൽപ്പറഞ്ഞ ഒന്നാമത്തെയും രണ്ടാമത്തെയും വിഭാഗത്തിൽപ്പെട്ടവരും മൂന്നാമത്തെ വിഭാഗത്തിനു തുല്യമായ വിദ്യാഭ്യാസ യോഗ്യതയുള്ളവരും അതുപോലെ തന്നെ നീണ്ട കാലം ജോലി ചെയ്തവരും അതുപോലെ തന്നെ ഔദ്യോഗിക ഉത്തരവാദിത്തങ്ങൾ നിർവഹിച്ചവരുമാണ്. എന്നാൽ അവർക്കു സാമൂഹ്യ സുരക്ഷ വേണ്ടെന്ന് ഏതൊക്കെയോ ബുദ്ധിരാക്ഷസന്മാർ ചേർന്നങ്ങു തീരുമാനിച്ചു. നിലവിലുള്ള സ്ഥിതി അങ്ങനെ സംജാതവുമായി.  

മേൽവിവരിച്ച സാഹചര്യം സ്വാഭാവിക നീതിയുടെയും സാമൂഹ്യ നീതിയുടെയും നിഷേധമല്ലെന്ന്, സാമൂഹ്യവും സാമ്പത്തികവുമായ അസമത്വങ്ങൾക്ക് ആക്കം കൂട്ടുന്നില്ല എന്ന്  എങ്ങനെ പറയാനാകും?  

മേൽവിവരിച്ച സ്വാഭാവിക, സാമൂഹ്യ നീതി നിഷേധത്തെക്കുറിച്ചുള്ള കോടിക്കണക്കിനാളുകളുടെ ബോദ്ധ്യം   ഇന്ന് ഒരു ദേശീയ തരംഗവും  ONE INDIA  ONE  PENSION എന്ന ശക്തമായ പ്രസ്ഥാനവുമായി മാറിയിരിക്കുന്നു. കേന്ദ്ര ഗവൺമെന്റിന്റെ ശ്രദ്ധയിലും എത്തിയിരിക്കുന്നു.

ഇത് എത്രയും പെട്ടെന്ന് ഒരു യാഥാർഥ്യമായി മാറട്ടെ.

No comments:

A Lofty Principle

One of the most lofty doctrines of the Constitution of India is Article 14 which provides for equality before the law or equal protection of...