Sunday, July 5, 2020

കുറ്റവാളി (July 3, 2020)


മലയാള നാടക സിനിമ രംഗത്തെ കുലപതി ആയിരുന്ന തോപ്പിൽ ഭാസിയുടെ പ്രശസ്ത  രചനയായ ‘അശ്വമേധം’ എന്ന നാടകത്തിലെയും സിനിമയിലെയും വളരെ പ്രധാനപ്പെട്ട ഒരു രംഗമുണ്ട്. പ്രധാന കഥാപാത്രമായ സരോജം എന്ന യുവതി കുഷ്‌ഠരോഗം പൂർണ്ണമായിട്ടു  ഭേദമായി തിരിച്ചെത്തുമ്പോൾ തന്റെ വീട്ടുകാരും  പ്രതിശ്രുതവരനും സരോജത്തെ സ്വീകരിയ്ക്കാൻ കൂട്ടാക്കാതെ നിർദ്ദയം തിരസ്ക്കരിക്കുന്ന രംഗമാണത്. ഒരിക്കൽ കുഷ്‌ഠ രോഗം ബാധിച്ചിരുന്ന സരോജം  രോഗവിമുക്തയായിട്ടും  ആ സത്യം അവർക്ക്‌ ഉൾക്കൊള്ളാനായില്ല. ആ മനോഭാവം ആ നിരാലംബയുടെ തിരസ്‌കരുണത്തിൽ കലാശിച്ചു. അവരുടെ നോട്ടത്തിൽ രോഗി എന്നും രോഗി തന്നെ. 'അശ്വമേധ'ത്തിലെ  നായികയുടെ "രോഗം ഒരു കുറ്റമാണോ" എന്ന ചോദ്യത്തിന് ഇന്നും സമൂഹത്തിൽ പ്രസക്തിയുണ്ട്. എല്ലാവരാലും  ത്യജിക്കപ്പെട്ട ആ പാവം സ്ത്രീ തന്നെ ചികിൽസിച്ച ഡോക്ടറുടെ അടുത്തെത്തി തന്റെ ഭാവിജീവിതം ആ സാനിട്ടോറിയത്തിലെ പ്രവർത്തനങ്ങൾക്കു വേണ്ടി ഉഴിഞ്ഞു വെയ്ക്കുവാനുള്ള തീരുമാനത്തിൽ എത്തിച്ചേരുന്നു.

ഇന്ന് കോട്ടയത്ത് ബാംഗ്ലൂരിൽ നിന്ന് വന്ന ഒരു സ്ത്രീയ്ക്കും അവരുടെ കുട്ടികൾക്കും കോവിഡ് ഭയന്ന അവരുടെ അടുത്ത ബന്ധുക്കളിൽ നിന്നും നേരിട്ട അനുഭവം 'അശ്വമേധം' നാടകത്തിലെയും സിനിമയിലെയും മേൽപ്പറഞ്ഞ രംഗമാണ് ഓർമ്മിപ്പിക്കുന്നത്. സ്വന്തം വീട്ടിലും ഭർത്താവിന്റെ വീട്ടിലും അവർക്ക്‌ പ്രവേശനം നിഷേധിയ്ക്കപ്പെട്ടു.

ഈ പരിഷ്‌കൃതയുഗത്തിലും രോഗത്തെ ഒരു കുറ്റമായും രോഗമില്ലാത്തയാളിനെപ്പോലും ഭീതിയുടെ പേരിൽ കുറ്റവാളിയെപ്പോലെയും  കരുതുന്ന മനോഭാവം പ്രകടിപ്പിയ്ക്കുന്നവർ മനുഷ്യത്വത്തിന്റെ അവസാനത്തെ കണികയും വറ്റിയവരാണ്.

No comments:

A Lofty Principle

One of the most lofty doctrines of the Constitution of India is Article 14 which provides for equality before the law or equal protection of...