Tuesday, June 23, 2020

മഷി പടർന്നു വികൃതമായ ചിത്രം

ഒരു മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ കാലഘട്ടമാണ് അവന്റെ ബാല്യം. വാത്സല്യവും ലാളനയും കരുതലും എല്ലാം മുതിർന്നവരിൽ നിന്നും നിർലോഭം ലഭിയ്ക്കുന്ന അല്ലെങ്കിൽ ലഭിയ്‌ക്കേണ്ട സമയം. ലോകത്ത് നിലവിലുള്ള കാപട്യമോ കാലുഷ്യമോ മത്സരങ്ങളോ ഒന്നും മനസിനെ വിഷമയമാക്കാത്ത, നിഷ്കളങ്കത മുഖമുദ്രയായ കാലം. ജീവിതാവസാനം വരെ ഒരു മനുഷ്യൻ ഓർത്തിരിക്കുന്ന അല്ലെങ്കിൽ ഓർക്കേണ്ട കാലം.

സൗഭാഗ്യത്തിന്റെയും സുഭിക്ഷതയുടെയും മടിത്തട്ടിൽ  ജനിച്ച് നിറങ്ങളുടേതായ ഒരു ലോകം മാത്രം കണ്ടുകൊണ്ടു ബാല്യം കടന്നു പോകുന്ന  കുട്ടികൾ നിരവധിയാണെങ്കിലും,  മഷി പടർന്നു വികൃതമായ ഒരു ചിത്രം പോലെയാണ് പൊതുവെ ബാല്യത്തിന്റെ ഇന്നത്തെ അവസ്ഥ.  ജീവിതത്തിന്റെ ആദ്യപടിയായ ബാല്യത്തിൽ തന്നെ നരകത്തേക്കാൾ ഭീകരമായ യാതന മാത്രം ഏറ്റുവാങ്ങുന്ന കുട്ടികളുടെ എണ്ണം വർധിച്ചു കൊണ്ടിരിക്കുന്നു. കണ്ണിൽ ചോരയില്ലാത്ത രീതിയിൽ കുട്ടികളുടെ നേരെ ആക്രമണം തന്നെ അഴിച്ചു വിടുന്നത് ഒരു സാധാരണ സംഭവമായി മാറിയിരിക്കുന്നു. മനുഷ്യാധമന്മാർക്കു തങ്ങളുടെ എല്ലാ വൈരാഗ്യവും തീർക്കാനുള്ള ഇരകളായി കുട്ടികൾ മാറിക്കൊണ്ടിരിക്കുന്ന കാഴ്ച അതിദയനീയമാണ്. സ്വന്തം അച്ഛനോ അമ്മയോ തന്നെ കുട്ടികളുടെ ഘാതകരായി മാറുന്ന കാഴ്ച സമൂഹത്തിന്റെ മനഃസാക്ഷിയ്ക്കു തന്നെ മരവിപ്പുണ്ടാക്കിരിക്കുന്നു. കുട്ടിയുടെ മുഖത്തെ ദൈന്യതയോ നിസ്സഹായതയോ ഊറി വരുന്ന കണ്ണീരോ കാണാത്ത  കുറേ ജന്മങ്ങൾ. 

പട്ടിണി കൊണ്ടും ആഹാരത്തിന്റെ കുറവ് കൊണ്ടും ഞെട്ടറ്റുപോകുന്ന ബാല്യവും ദയനീയമായ ഒരു ചിത്രം കാഴ്ച വയ്ക്കുന്നു. ഈ ഒരു കാരണത്താൽ അഞ്ചുവയസിൽ താഴെ പ്രായമുള്ള ഒൻപതു ലക്ഷത്തോളംകൂട്ടികൾ 2018 ൽ ഇന്ത്യയിൽ മരണമടഞ്ഞതായി  ഐക്യരാഷ്ട്രസഭയുടെ UNICEF നടത്തിയ 'ലോകത്തിലെ കുട്ടികളുടെ അവസ്ഥ-2019 '  ('State of the World’s Children 2019') എന്ന റിപ്പോർട്ടിൽ പറയുന്നു.

ബാല്യം ജീവിതത്തിന്റെ പ്രഭാതമാണ്. മനുഷ്യന്റെ അളവില്ലാത്ത ക്രൂരത കാരണം പ്രഭാതത്തിൽ തന്നെ സൂര്യൻ അസ്തമിക്കുന്ന അവസ്ഥ ബാല്യത്തിന് ഉണ്ടായിക്കൂടാ. ഇതിനെതിരെ മനുഷ്യമനഃസാക്ഷി ഉണരുന്ന ഒരു ലക്ഷണവും കാണുന്നില്ല. സാംസ്കാരിക നായകർ നിസ്സംഗരായി നിൽക്കുന്നു. അവർ തങ്ങളുടെ തൂലികയോ ശബ്ദമോ ഉയർത്തുന്നില്ല. ഭരണാധികാരികൾ കാര്യം അറിഞ്ഞ മട്ടില്ല. ബാലാവകാശ കമ്മീഷൻ, ശിശുസംരക്ഷണ സമിതി അങ്ങനെ എണ്ണമറ്റ സംവിധാനങ്ങൾ നമുക്കുണ്ട്. പക്ഷേ...... 

ബാല്യം എന്നത് നിറമുള്ള ഒരു മനോഹര ചിത്രമാക്കി മാറ്റാൻ സമൂഹ മനസാക്ഷി ഉണർന്നേ പറ്റൂ. 

No comments:

A Lofty Principle

One of the most lofty doctrines of the Constitution of India is Article 14 which provides for equality before the law or equal protection of...