മദ്യം ലഭ്യമല്ലാത്ത ഒരു സാഹചര്യത്തിൽ അതിന്റെ ഉപയോഗം കുറയുകയല്ലാതെ പലരും ചൂണ്ടിക്കാണിയ്ക്കുന്നതു പോലെയുള്ള പരിണിത ഫലങ്ങളൊന്നും ഉണ്ടാകുന്നില്ല എന്ന് കേരളത്തിന് മനസ്സിലായിക്കൊണ്ടിരിക്കുകയാണ്.
കുറെ സമയം ഒരു തരം 'പ്രത്യേക ഉന്മേഷം' ഉണ്ടാക്കിയെടുക്കാം, ലഹരിയിൽ മുഴുകി ഒരു പ്രത്യേക ലോകത്തിൽ എല്ലാം മറന്നിരിയ്ക്കാം എന്നത് മാത്രമാണ് മദ്യം ഉപയോഗിക്കുന്നവരുടെ ലക്ഷ്യങ്ങളെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
മദ്യം ഉപയോഗിക്കുന്നവരിൽ പലർക്കും അത് എങ്ങനെ തലച്ചോറിനെ ബാധിയ്ക്കുന്നുവെന്ന് അറിവുള്ളവരാണ്. മെഡിക്കൽ സയൻസ് പറയുന്നത് ചെറിയ അളവിൽ ഉപയോഗിച്ചാലും കൂടിയ അളവിൽ ഉപയോഗിച്ചാലും മദ്യം തലച്ചോറിന്റെ സങ്കീർണ്ണ ഘടനകളെ ആഴത്തിൽ സ്വാധീനിക്കുന്നു എന്നാണ്. ഇത് ന്യൂറോണുകൾ തമ്മിലുള്ള രാസ സിഗ്നലുകളെ തടയുന്നതു വഴി ലഹരിയുടെ സാധാരണ അടിയന്തിര ലക്ഷണങ്ങളായ അസാധാരണമായ പെരുമാറ്റം, മന്ദഗതിയിലുള്ള സംസാരം, മങ്ങുന്ന ഓർമ്മ , മന്ദഗതിയിലുള്ള റിഫ്ലെക്സുകൾ തുടങ്ങിയവയിലേക്ക് നയിക്കുന്നു. അമിതമായ രീതിയിലുള്ള മദ്യപാനം തലച്ചോറിന് പുറമെ പ്രധാനമായും കരൾ, പാൻക്രിയാസ്, ആമാശയം, ഹൃദയം തുടങ്ങിയവയെ ബാധിക്കുകയും കാലക്രമേണ ആയുസ്സിനെ ഗണ്യമായി വെട്ടിച്ചുരുക്കുകയും ചെയ്യുന്നു. ഇതെല്ലാം പ്രകൃതി ഉദ്ദേശിക്കുന്ന തരത്തിലുള്ള സ്വാഭാവിക പ്രവർത്തനങ്ങളിലുള്ള മനുഷ്യന്റെ ഇടപെടൽ ആണ്.
ഇങ്ങനെയൊക്കെയുള്ള മദ്യത്തിന്റെ ഉപയോഗം കുറയുന്നത് സംസ്ഥാനത്തിന്റെ സാമ്പത്തിക വരുമാനത്തെ ബാധിയ്ക്കും എന്നുള്ള വാദം നിലവിലുണ്ട്. അതോർത്ത് വിഷമിക്കുന്നതിൽ അർത്ഥമില്ല. സാമ്പത്തിക വരുമാനത്തിന് പുതിയ സ്രോതസ്സുകൾ നിശ്ചയമായും ഉണ്ടാകും. കുടുംബങ്ങളിൽ കൂടുതൽ സമാധാനമുണ്ടാകുകയും സാമ്പത്തിക നില മെച്ചപ്പെടുകയും ചെയ്യും. സംസ്ഥാനം സാവധാനമെങ്കിലും മദ്യവിമുകതമാക്കിയെടുക്കാൻ കഴിയുമെങ്കിൽ അതൊരു വലിയ നേട്ടം ആയിരിക്കും. ഈ പ്രതിസന്ധി ഘട്ടം അതിനു വഴിതെളിയ്ക്കട്ടെ.
No comments:
Post a Comment