അടിസ്ഥാനപരമായി എല്ലാ വ്യക്തികളിലും നന്മയുണ്ട്. പക്ഷെ അത് പല അളവിലായിരിക്കും. നന്മ എന്നത് മനുഷ്യത്വത്തിന്റെ അന്തർധാരയാണ്. ഏറ്റവും നീചനായ മനുഷ്യനും ഒരിയ്ക്കൽ നല്ലവൻ ആയിരുന്നു. ഒരു ശിശു ആദ്യമായി ഭൂമിയിലേക്ക് വരുമ്പോൾ ആ ശിശുവിൽ നൂറു ശതമാനവും നന്മയും നിഷ്കളങ്കതയും മാത്രമാണല്ലോ കാണുന്നത്. പിന്നീട് സാവധാനം നന്മയുടെ കൂടെ തിന്മയും ചേരുകയും ആദ്യത്തേതിന്റെ അളവ് കുറഞ്ഞു വരികയും ചെയ്യുന്നു. ഇതിന് മറ്റുള്ളവരുടെ സ്വാധീനവും സാഹചര്യങ്ങളും ഒക്കെ കാരണമാകുന്നു. തീർച്ചയായും ഇതിന് അപവാദങ്ങളും ഉണ്ട്. പശുവിന്റെ പാൽ ആദ്യം പരമമായ ശുദ്ധിയുള്ളതാണ്. പക്ഷേ പിന്നീട് അങ്ങനെയല്ലാതാകുന്നത് ഒരുദാഹരണമായി പറയാം.
നന്മ കൈവിടാതിരിക്കാൻ ഉള്ള ഒരു സഹജാവബോധം (instinct) എല്ലാവരിലുമുണ്ട്. പക്ഷേ പലപ്പോഴും മറ്റുള്ളവരുടെ സ്വാധീനം കൊണ്ടോ സാഹചര്യങ്ങൾ കൊണ്ടോ ചുറ്റുപാടുകൾ കൊണ്ടോ വളർന്നു വന്ന രീതികൊണ്ടോ സമ്പർക്കം കൊണ്ടോ ഈ സഹജാവബോധം അടിച്ചമർത്തപ്പെട്ടു പോകുന്നു എന്നതാണ് സത്യം.
പോലീസ് സേനയിലെ ഓരോ വ്യക്തിയിലും തീർച്ചയായും അന്തർലീനമായ നന്മയും മനുഷ്യത്വവും ദയയുമൊക്കെ ഉണ്ട്. (ഇതെല്ലാം കൂടി ചേർന്നതാണല്ലോ നന്മ.) പക്ഷേ അവർ കുറ്റവാളികളുമായിട്ടാണ് കൂടുതൽ ഇടപഴകുന്നത്. ഇത് പലതരത്തിലുള്ള മാനസിക സമ്മർദ്ദങ്ങൾക്ക് വഴിതെളിയിക്കുകയും പലരുടെയും സ്വഭാവം തന്നെ ഒരു പരുക്കൻ രീതിയിലാകുകയും ചെയ്യുന്നു. ഇങ്ങനെ ഉണ്ടാകാതിരിയ്ക്കാൻ ഔദ്യോഗിക തലത്തിൽ അവർ പ്രത്യേകപരിശീലനങ്ങൾ അർഹിക്കുന്നുണ്ട്. പ്രത്യേകിച്ചും വൈകാരികമായ ബുദ്ധി (emotional intelligence) വികസിപ്പിച്ചെടുക്കുവാനുള്ള പരിശീലനങ്ങൾ. ഒരു വർഷം മുമ്പ് ഈ കാര്യങ്ങൾ വിശദീകരിച്ചു കൊണ്ട് ഞാൻ കേരളത്തിന്റെ ഡി.ജി.പി. ശ്രീ ലോക് നാഥ് ബെഹ്‌റ അവർകൾക്ക് ഒരു കത്തയക്കുകയുണ്ടായി. Emotional intelligence എന്ന വിഷയത്തിൽ പോലീസ് സേനയിലെ എല്ലാ തലത്തിലുള്ള ഉദ്യോഗസ്ഥന്മാർക്കും കൂടെക്കൂടെ വിപുലമായ പരിശീലനം നൽകുന്നത് പരിശോധിയ്ക്കണം എന്ന എന്റെ എളിയ നിർദ്ദേശം സസന്തോഷം അംഗീകരിച്ചു കൊണ്ട് അദ്ദേഹം എനിക്ക് മറുപടി നൽകി.
സാഹചര്യങ്ങൾ അനുകൂലമാകുമ്പോൾ പോലീസ് സേനയിലെ അംഗങ്ങളിൽ അന്തർലീനമായ നന്മ നിശ്ചയമായും പുറത്ത് വരും. പക്ഷെ അവരുടെ മനോവീര്യം നില നിറുത്തതിനായുള്ള ശ്രമങ്ങൾ എല്ലാ തരത്തിലും സർക്കാരിന്റെ ഭാഗത്തുനിന്നും പൊതുജനങ്ങളുടെ ഭാഗത്തുനിന്നും നിരന്തരം ഉണ്ടാകണം. നമ്മുടെ പോലീസ് സേനയ്ക്ക് തീർച്ചയായും ഇവിടെ ഗുണപരമായ ഒരു മാറ്റമുണ്ടാക്കാൻ കഴിയും.
ഇന്നത്തെ സങ്കീർണ്ണ സാഹചര്യത്തിൽ കേരള പോലീസ് നടത്തുന്ന ശ്രേഷ്ഠമായ പല കാര്യങ്ങളും കണ്ടപ്പോൾ തോന്നിയ കാര്യങ്ങളാണ് മുകളിൽ കുറിച്ചിരിയ്ക്കുന്നത്.
No comments:
Post a Comment