ഇന്ത്യയിലെ വോട്ടർമാർ ബൗദ്ധികമായും ചിന്താപരമായും ഉയർന്ന തലങ്ങളിലേക്ക് നീങ്ങുന്ന കാഴ്ചയാണ് ഇക്കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ കാണാനായത്. കാര്യങ്ങൾ വസ്തുനിഷ്ഠമായി കാണാനും തിരിച്ചറിയാനുമുള്ള അവരുടെ കഴിവ് മെച്ചപ്പെട്ടുകൊണ്ടിരിക്കുന്നു. കൂടുതൽ പാകതയും ഉത്തരവാദിത്വബോധവും കാണിക്കേണ്ട ആവശ്യം അവർ മനസ്സിലാക്കിയിരിക്കുന്നു.
എടുത്തുപറയേണ്ട ഒരു കാര്യം പത്ര ദൃശ്യ മാധ്യമങ്ങൾക്കു വോട്ടർമാരുടെ അഭിപ്രായരൂപീകരണത്തിൽ കാര്യമായ പങ്കുവഹിക്കാനായില്ല എന്നതാണ്. അതേ സമയം സാമൂഹ്യ മാദ്ധ്യമങ്ങൾ കാര്യങ്ങളുടെ നിജസ്ഥിതി വോട്ടർമാരിൽ എത്തിക്കുന്നതിൽ ഒരു ചെറിയ പങ്കെങ്കിലും വഹിച്ചിട്ടുണ്ട്. ഉത്തരവാദിത്വബോധമില്ലാത്ത പ്രസിദ്ധീകരണ, പ്രക്ഷേപണ ശൈലി പത്ര ദൃശ്യ മാധ്യമങ്ങൾക്കു ഭൂഷണമല്ല എന്ന സന്ദേശം സമ്മതിദായകർ നൽകിയിരിക്കുന്നു.
രാജ്യത്തിന് ഒരു ഉറച്ച നേതൃത്വവും വ്യക്തമായ കാഴ്ചപ്പാടും സുസ്ഥിരതയും ഉള്ള ഭരണവുമാണ് ഈ ഘട്ടത്തിൽ അത്യാവശ്യം എന്ന വോട്ടർമാരുടെ തിരിച്ചറിവ് ഒരു നല്ല സൂചനയായി കാണാം. ര്രാഷ്ട്രീയത്തെ അപ്രധാനമാക്കിക്കൊണ്ട് ദേശീയത മുന്നോട്ടുവരുന്നത് നല്ല കാഴ്ചയാണ്. തങ്ങൾക്ക് രാഷ്ട്രീയത്തിലല്ല താൽപ്പര്യമെന്ന് വോട്ടർമാർ അടിവരയിട്ടു പറഞ്ഞിരിക്കുന്നു. കാരണം ദേശീയതയിലൂന്നിയുള്ള വികസന കാഴ്ചപ്പാടാണ് ലോകരാഷ്ട്രങ്ങളുടെ നെറുകയിലെത്തിക്കൊണ്ടിരിക്കുന്ന ഇന്ത്യക്കാവശ്യം. ഇന്ത്യക്കിനി പിന്നോട്ടുപോകാനാവില്ലല്ലോ.
No comments:
Post a Comment