രാഷ്ട്രപുരോഗതി
രാഷ്ട്രത്തിന്റെ പുരോഗതിയ്ക്ക് എല്ലാത്തിനും ഉപരിയായ സ്ഥാനം നൽകുന്ന സമീപനം അധികാരികളുടെയും പൗരന്മാരുടേയുമെല്ലാം ഭാഗത്തുനിന്ന് ഒരേപോലെയുണ്ടായാൽ മാത്രമേ ഏതൊരു രാജ്യത്തിനും യഥാർത്ഥത്തിലുള്ള വളർച്ച ഉണ്ടാകുകയുള്ളു. സ്ഥാപിത താല്പര്യങ്ങൾ സംരക്ഷിക്കാനായി ഏതെങ്കിലും തരത്തിലുള്ള സ്പർദ്ധ വളർത്തുന്നത് രാഷ്ട്ര പുരോഗതിയ്ക്ക് താങ്ങാനാവാത്ത ക്ഷീണമാണുണ്ടാക്കുന്നത്. ലോകരാഷ്ട്രങ്ങളുടെ മുൻ നിരയിൽ നിൽക്കാൻ എന്തുകൊണ്ടും യോഗ്യതയും ശേഷിയുമുള്ള ഇന്ത്യയെ അതിന് പ്രാപ്തമാക്കേണ്ട ചുമതല ഓരോ ഇന്ത്യക്കാരനിലും നിക്ഷിപ്തമാണ്. എന്തുകൊണ്ടോ ഇത് മറന്നുകൊണ്ടുള്ള പ്രവർത്തനമാണ് കൂടുതലായി കാണുന്നതു്. ഇവിടെയാണ് മാറ്റം ഉണ്ടാകേണ്ടത്.
ഇന്ത്യയെപ്പോലെ ചരിത്രപരമായും സാംസ്കാരികമായും ഭാഷാപരമായുമൊക്കെ വൈവിദ്ധ്യമാർന്ന ഒരു രാജ്യത്തിന് അഖണ്ഡത പരമപ്രധാനമാണ്. നമ്മുടെ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന പ്രധാന മൂല്യം ഇതാണ്. അഖണ്ഡത പരിപാലിക്കുന്നതിലും രാഷ്ട്രനിർമാണത്തിലും ഓരോ ഭാരതീയനുമുള്ള പങ്ക് പ്രൈമറി തലം മുതൽ ഏറ്റവും ഉയർന്ന ക്ലാസുകൾ വരെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി ഒരു പുതിയ സംസ്കാരം രൂപപ്പെടുത്താൻ അധികാരികൾ തയാറാകണം. രാഷ്ട്ര പുരോഗതിയുടെ ദർശനം യുവതലമുറയിൽ എത്തിക്കാൻ രാഷ്ട്രീയ സാംസ്കാരിക നേതാക്കന്മാർ പരിശ്രമിച്ചാൽ സാധിക്കും. രാഷ്ട്രങ്ങളുടെ സൗരയൂഥത്തിൽ എന്നും തിളങ്ങുന്ന ഒരു നക്ഷത്രമായി ഇന്ത്യയെ മാറ്റിയെടുക്കുവാൻ എല്ലാ ഭാഗത്ത് നിന്നും പ്രചോദനമുണ്ടാകട്ടെയെന്നു ആത്മാർത്ഥമായി ആഗ്രഹിക്കുന്നു, പ്രാർത്ഥിക്കുന്നു.
No comments:
Post a Comment