കേന്ദ്രസർക്കാരിന്റെ സാമ്പത്തിക നയങ്ങൾക്കെതിരെ 2019 ജനുവരി 8, 9 തീയതികളിൽ രാജ്യവ്യാപകമായി നടന്ന പൊതു പണിമുടക്കിനോടനുബന്ധിച്ച് ജോലിയ്ക്ക് ഹാജരാകാതിരുന്ന കേരളത്തിലെ സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ശമ്പളത്തോടുകൂടിയ അവധി അനുവദിച്ചുകൊണ്ട് 2019 ജനുവരി 31 ന് കേരള സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കിയ കേരള ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റെ വിധി അത്യന്തം ശ്ലാഘനീയമാണ്.
സമരത്തിൽ പങ്കെടുത്ത ജീവനക്കാരെ അവധി എടുക്കാൻ അനുവദിക്കുന്നത് നിയമവിരുദ്ധമാണെന്നും അധികാര ദുർവിനിയോഗമാണെന്നും ചൂണ്ടിക്കാട്ടി നൽകിയ ഒരു പൊതുതാൽപര്യ ഹർജി അനുവദിച്ചുകൊണ്ടാണ് ഈ സുപ്രധാന വിധി. നിയമവിരുദ്ധമായ ഒരു പ്രവൃത്തി ക്രമീകരിക്കുന്ന ഉത്തരവ് പുറപ്പെടുവിക്കാൻ സർക്കാരിന് അധികാരമില്ലെന്നും സർക്കാരിന്റെ ഈ നടപടി നിയമത്തിൽ നിലനിൽക്കുകയില്ല എന്നും കോടതി ചൂണ്ടിക്കാട്ടി.
ഇന്നത്തെ ചുറ്റുപാടിൽ ഇതുപോലെയുള്ള പൊതുതാൽപര്യ ഹർജികൾ നിയമത്തിൻെറ പരിരക്ഷയ്ക്ക് നൽകുന്ന സംഭാവന വളരെ വലുതാണ്. സ്വാഭാവിക നീതി നിഷേധിക്കപ്പെടുമ്പോഴും നിയമലംഘനം നിയമവിധേയമാക്കാൻ നിയമം പരിരക്ഷിക്കേണ്ടവർ ശ്രമിയ്ക്കുമ്പോഴും ചൂഷണവും മുതലെടുപ്പും ഒക്കെ നടക്കുമ്പോഴും മൂല്യങ്ങളിലൂന്നിയുള്ള ഇത്തരം പൊതുതാത്പര്യ ഹർജികൾ ഉണ്ടാകട്ടെ.
No comments:
Post a Comment