രാഷ്ട്രീയനേതാക്കളും ഉദ്യോഗസ്ഥന്മാരും തങ്ങളുടെ പദവിയും അധികാരവും പ്രത്യേകം പ്രത്യേകമോ കൂട്ടു ചേർന്നോ ദുരുപയോഗം ചെയ്ത് നിരവധി മാർഗ്ഗങ്ങളിലൂടെ പൊതുമുതൽ കൊള്ളയടിക്കുന്ന രീതി കാലാകാലങ്ങളായി നിലനിൽക്കുന്നതാണ്. പക്ഷേ അത് എല്ലാ അതിരുകളും ലംഘിച്ച് സമൂഹത്തിൽ ഒരു മഹാവ്യാധിയായി മാറിക്കൊണ്ടിരിക്കുന്ന ഭീകരമായ കാഴ്ചയാണ് അടുത്തകാലങ്ങളിൽ കണ്ടുവരുന്നത്. അളവില്ലാത്ത പ്രതിഫലവും എല്ലാ സൗകര്യങ്ങളും ജീവിതകാലം മുഴുവനും നിരവധി ആനുകൂല്യങ്ങളും ഒക്കെ ലഭിച്ചിട്ടും അടങ്ങാത്ത പണത്തിനോടും സാമ്പത്തിനോടുമുള്ള ആർത്തിയാണ് ഈ കൂട്ടരെക്കൊണ്ടിതൊക്കെ ചെയ്യിക്കുന്നത്.
ഇതെല്ലാം കണ്ടിട്ടും മനസ്സിലായിട്ടും നിശ്ശബ്ദം സഹിക്കാൻ മാത്രം വിധിയ്ക്കപ്പെട്ട ഒരു സമൂഹം ദയനീയമായ ഒരു കാഴ്ചയാണ്. ഇതൊക്കെ ഇങ്ങനെയാണ്, ഇതിലൊക്കെ എന്തിരിക്കുന്നു, ഇതൊക്കെ അത്ര വലിയ കാര്യമാണോ എന്ന് ചോദിക്കുന്ന ഒരു ന്യൂനവിഭാഗവുമുണ്ട്. അവരെ കാര്യമാക്കേണ്ട ആവശ്യമില്ല.
ഇതൊക്ക എന്നും ഇങ്ങനെ തന്നെ തുടർന്നാൽ മതിയോ, ഇതിനൊക്കെ ഒരു മാറ്റം വേണ്ടേ എന്ന് ചിന്തിക്കുന്നവരും ചോദിയ്ക്കുന്നവരും സമൂഹത്തിൽ കൂടി വരുന്നുണ്ട്. രാഷ്ട്രീയ ഇച്ഛാശക്തിയുള്ള ഒരു ഭരണകൂടവും അധികാരികളും മനസ്സിരുത്തിയാൽ തീർച്ചയായും സാദ്ധ്യമാവുന്ന കാര്യമാണിതെന്നു പരക്കെ കരുതപ്പെടുന്നു.
ഇപ്പോൾ ദേശീയ ശ്രദ്ധയാകർഷിച്ചു കഴിഞ്ഞ സ്വർണ്ണക്കടത്തന്വേഷണം അതിന്റെ പരിസമാപ്തിയിലെത്തുമ്പോൾ അത് കാലങ്ങളായി സമൂഹം പ്രതീക്ഷിയ്ക്കുന്ന ഒരു മാറ്റത്തിന്റെ സമാരംഭമാകും എന്ന് പ്രതീക്ഷിയ്ക്കാം.
No comments:
Post a Comment