Thursday, May 28, 2020

പെൻഷൻ

പെൻഷൻ
കേരള ധനമന്ത്രി ഫേസ്ബുക് പേജിൽ പറഞ്ഞിരിയ്ക്കുന്ന കാര്യങ്ങളിൽ വളരെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് പെൻഷൻ വാങ്ങുന്നതിൽ നിലനിന്നുപോരുന്ന വെട്ടിപ്പുകൾ. മരണമടഞ്ഞിട്ടും പെൻഷൻ വാങ്ങുന്നവരും അനധികൃതമായും അനർഹമായും ക്ഷേമ പെൻഷൻ വാങ്ങുന്നവരും സർക്കാർ പെൻഷൻ വാങ്ങുന്നതിനു പുറമെ ക്ഷേമ പെൻഷനും കൂടെ വാങ്ങുന്നവരുമൊക്കെയായി ലക്ഷങ്ങൾ കേരളത്തിലുണ്ടെന്ന് മനസ്സിലാക്കാൻ കഴിയുന്നു. ഏതാണ്ട് 600 കോടി രൂപ ഇങ്ങനെ അനാവശ്യമായി ചിലവാകുന്നുണ്ടെന്നും മനസ്സിലാക്കാം. ധനമന്ത്രി പറഞ്ഞതുകൊണ്ട് നമുക്ക് ധൈര്യമായി വിശ്വസിയ്ക്കാം.
സർക്കാർ ചെയ്യേണ്ടത് എത്രയും പെട്ടെന്ന് എല്ലാ പ്രമുഖ മലയാള പത്രങ്ങളുടെയും ആദ്യപേജിൽ തന്നെ ഒരു അറിയിപ്പ് കൊടുക്കണം. മേൽപ്പറഞ്ഞ പെൻഷൻ വെട്ടിപ്പുകൾ സർക്കാരിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും അന്വേഷണവും അനന്തര നടപടികളും ആരംഭിച്ചുകഴിഞ്ഞുവെന്നും കാണിച്ചു വേണം അറിയിപ്പ് പ്രസിദ്ധീകരിയ്ക്കാൻ. അപ്പോൾ കാര്യങ്ങൾ മാറിത്തുടങ്ങും. (അതെല്ലാം യഥാർത്ഥത്തിൽ ചെയ്യുകയും വേണം).
എന്തു കൊണ്ട് അങ്ങനെ ഒരറിയിപ്പ് കൊടുത്തുകൂടാ?
ചിത്രത്തിൽ ഇനിപ്പറയുന്നത്‌ അടങ്ങിയിരിക്കാം: ടെക്‌സ്‌റ്റ്
സർക്കാരിന്റെ വരുമാനം കുത്തനെ കുറഞ്ഞിരിക്കുന്നതിന്റെ പശ്ചാത്തലത്തിൽ അനാവശ്യചെലവുകൾ കുറയ്ക്കേണ്ടതാണെന്നത് അവിതർക്കിതമായ കാര്യമാണ്. പക്ഷെ, ഇവ സംബന്ധിച്ച് പൊതുവിൽ പുറംതൊലി ചർച്ചകളും അപവാദപ്രചാരണങ്ങളുമാണ് നടത്തുന്നത്. എന്താണ് ചെലവ് കുറയ്ക്കണമെന്നു പറയുമ്പോൾ നമ്മൾ ഗൗരവമായി പരിഗണിക്കേണ്ടത്? എന്തെല്ലാമാണ് ഇപ്പോൾ എടുത്തുകൊണ്ടിരിക്കുന്ന സുപ്രധാന നടപടികൾ?
ഇപ്പോൾ പൂർത്തിയാക്കിക്കൊണ്ടിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പരിപാടി, ക്ഷേമപെൻഷനുകളുടെ വെട്ടിപ്പ് തടയുന്നതിനുള്ള നടപടിയാണ്. മരണമടഞ്ഞിട്ടും പെൻഷൻ വാങ്ങിക്കൊണ്ടിരിക്കുന്ന ഒരു ലക്ഷത്തിലേറെ പേരുണ്ട്. അത്രതന്നെ ആളുകളെ കണ്ടെത്താനേ കഴിഞ്ഞിട്ടില്ല. ആൾമാറാട്ടം നടത്തുന്നവരാണ് ഇവർ. സർക്കാർ പെൻഷൻ കൈപ്പറ്റുന്നവരും ക്ഷേമപെൻഷൻ വാങ്ങുന്നവരുണ്ട്. ഇങ്ങനെ പലരും. ഇങ്ങനെയുള്ളവരെയെല്ലാംകൂടി ചേർത്താൽ 4.5 ലക്ഷത്തോളം പേരുണ്ട്. ഇതുവരെ മസ്റ്ററിംഗ് നടത്താത്തവർക്ക് ഒരു അവസരംകൂടി നൽകാൻ പോവുകയാണ്. എന്നാലും എന്റെ കണക്കുകൂട്ടൽ അനുസരിച്ച് ഏതാണ്ട് മൂന്നേമുക്കാൽ ലക്ഷം അനർഹർ പുറത്തുപോകും. ഏതാണ്ട് 600 കോടി രൂപയുടെ അനാവശ്യ ചെലവ് ഒഴിവാക്കാം.
രണ്ടാമത്തേത് എയ്ഡഡ് സ്കൂളുകളിലെ നിയമനമാണ്. യുഡിഎഫ് ഭരണകാലത്ത് അധിക അധ്യാപകരെ ഉൾക്കൊള്ളിക്കുന്നതിനുവേണ്ടി അധ്യാപക-വിദ്യാർത്ഥി അനുപാതം കുറച്ചു. അതോടൊപ്പം ധനകാര്യ വകുപ്പിന്റെ അനുമതി ഇല്ലാതെ യുഡിഎഫിന്റെ അവസാനം ഒരു ഉത്തരവിറങ്ങി. അതുപ്രകാരം നിർദ്ദിഷ്ട നിരക്കിനേക്കാൾ ഒരു കുട്ടി കൂടുതലുണ്ടെങ്കിൽ ഒരു പോസ്റ്റായി. ഇതിന് സർക്കാരിന്റെ അംഗീകാരം വേണ്ട. ജില്ലാ വിദ്യാഭ്യാസ ഉദ്യോഗസ്ഥന്റെ അനുമതി മതി. ഇതിന് കോടതിയുടെയും പിന്തുണ കിട്ടി. ഫലമോ? സർക്കാർ നേരിട്ടു ഏതാണ്ട് 20,000 തസ്തികകളാണ് സൃഷ്ടിച്ചതെങ്കിൽ സ്വകാര്യ എയ്ഡഡ് മേഖലയിൽ 15,000 തസ്തികകൾ സൃഷ്ടിക്കപ്പെട്ടു. ഇത് അവസാനിപ്പിക്കുന്നത് ഭാവിയിലെങ്കിലും ഭീമൻ ചോർച്ച ഒഴിവാക്കാൻ സഹായിക്കും.
കോളേജ് അധ്യാപക നിയമനത്തിലും ഇതേ സ്ഥിതിയുണ്ട്. പണ്ട് പ്രീ-ഡിഗ്രി കോളേജുകളിൽ നിന്നും മാറ്റിയപ്പോൾ അധ്യാപക തസ്തികകൾ നഷ്ടപ്പെടാതിരിക്കാൻ വേണ്ടി ബിരുദാനന്തര ബിരുദ മേഖലയിൽ ഒരു മണിക്കൂർ പഠിപ്പിച്ചാൽ ഒന്നരമണിക്കൂറായി കണക്കാക്കുമെന്ന് നിശ്ചയിച്ചു. അന്നത് ചെയ്തത് മനസ്സിലാക്കാം. ഇന്ന് സർക്കാർ 150 ഓളം കോഴ്സുകൾ പുതിയതായി ആരംഭിക്കാൻ തയ്യാറാകുമ്പോൾ യുജിസി വർക്ക് ലോഡല്ലേ സ്വീകരിക്കേണ്ടത്? നിലവിൽ നിയമനം ലഭിച്ച ഒരാളുടെയും ഇന്നത്തെ സ്ഥിതിയിൽ മാറ്റം വരുത്താതെ ഭാവി നിയമനങ്ങൾക്ക് ഇത് ഒഴിവാക്കിയാൽ അടുത്തവർഷം 250-300 കോടി രൂപയുടെ ചെലവ് ചുരുക്കാം.
തികച്ചും അപ്രസക്തമായിത്തീർന്ന പെർഫോമൻസ് ഓഡിറ്റും ഡിആർഡിഎയിലെ ഉദ്യോഗസ്ഥരും താഴേയ്ക്ക് പുനർവിന്യസിക്കാനുള്ള നടപടികൾ പൂർത്തിയായിട്ടില്ല. ഇവരുടെ എണ്ണം ഏതാണ്ട് 800 വരും. ഇന്ന് പ്രത്യേകിച്ചൊരു പണിയുമില്ലാത്ത 5000 ഉദ്യോഗസ്ഥരെയെങ്കിലും മറ്റിടങ്ങളിലേയ്ക്ക് പുനർവിന്യസിക്കാം. ഇതുമൂലം പോസ്റ്റുകൾ നഷ്ടപ്പെടുമെന്ന് ആരും വേവലാതിപ്പെടേണ്ട. ഇതിനകം സൃഷ്ടിച്ച പോസ്റ്റുകൾ സർവ്വകാല റെക്കോർഡാണ്. ഇനി ഹയർ സെക്കണ്ടറികളിൽ, കോളേജുകളിൽ, ആരോഗ്യ മേഖലയിൽ, മറ്റു പല വകുപ്പുകളിലും പോസ്റ്റുകൾ സൃഷ്ടിക്കേണ്ടിവരും. പക്ഷെ, പ്രത്യേകിച്ച് ജോലിയൊന്നും ഇല്ലാതെ ശമ്പളം വാങ്ങാനുള്ള ഏർപ്പാട് തുടരാനാവില്ല. ഇതുപോലുള്ള കാര്യങ്ങൾക്കാണ് ചെലവു ചുരുക്കാൻ പറയുമ്പോൾ ഞാൻ മുൻഗണന നൽകുന്നത്.
നിലവിൽ ബജറ്റിൽ ഉൾക്കൊള്ളിച്ചിട്ടുള്ള പല സ്കീമുകളും അനിവാര്യമായിട്ടുള്ളവയല്ല. ഇന്ന് കൊവിഡ് കാലത്ത് കൂടുതൽ പണം മുടക്കേണ്ട മറ്റുപല സ്കീമുകളുമുണ്ട്. ആദ്യത്തേതിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന പണം രണ്ടാമത്തേതിലേയ്ക്ക് മാറ്റണം. ആസൂത്രണ ബോർഡ് ഇതിനാവശ്യമായ നടപടികൾ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്.
ഇതോടൊപ്പം ഇന്നത്തെ അസാധാരണ സാഹചര്യത്തിൽ നമ്മുടെ പല പദ്ധതിയിതര ചെലവുകളും വെട്ടിക്കുറയ്ക്കുകയോ വേണ്ടെന്നുവയ്ക്കുകയോ ചെയ്യണം. അതിനുള്ള നടപടികൾ ധനകാര്യ വകുപ്പ് സ്വീകരിച്ചു വരുന്നു. താമസിയാതെ അതിനുള്ള ഉത്തരവും ഇറങ്ങും. അതിനിടയിൽ ഓഫീസുകളിലേയ്ക്ക് ടൗവ്വൽ വാങ്ങുന്നതിനും എയർകണ്ടീഷൻ വാങ്ങുന്നതിനും നൽകിയ ഭരണാനുമതികൾ ഉയർത്തിപ്പിടിച്ചുകൊണ്ട് ധൂർത്താണെന്നു നിലവിളിക്കുന്നവർ മനസ്സിലാക്കേണ്ടത് ഇവയിൽ പലതിനും ചെയ്തുകഴിഞ്ഞതിനുള്ള പണം അനുവദിക്കലാണ്. അല്ലെങ്കിൽ പകർച്ചവ്യാധിക്കു മുന്നേ ഭരണാനുമതികൾ നൽകുന്നതിന് നടപടികൾ സ്വീകരിച്ചവയാണ്. ഇങ്ങനെയുള്ള കാര്യങ്ങളിലെല്ലാം കർശനമായ നിയന്ത്രണങ്ങൾ ഉണ്ടാകും.
പക്ഷെ, ഇവയൊക്കെ ഉയർത്തി സർക്കാരിനെ ആക്ഷേപിക്കാൻ യുഡിഎഫിന് എന്ത് അർഹത? ഉന്നയിക്കപ്പെട്ട ഓരോ പ്രശ്നങ്ങളിലും അവരുടെ ഭരണകാലത്ത് ഇന്നത്തേതിനേക്കാൾ വലിയ ചെലവുകൾ ഉണ്ടായിട്ടുണ്ട്. അവയൊന്ന് ചുരുക്കിപ്പറയാം.
1. എന്തിന് 496 പേഴ്സണൽ സ്റ്റാഫ് എന്നതാണ് ഒരു പ്രധാന ചോദ്യം. യുഡിഎഫ് കാലത്ത് 623 ആളുകളുണ്ടായിരുന്നു പേഴ്സണൽ സ്റ്റാഫിൽ.
2. ചികിത്സാ ചെലവുകളെക്കുറിച്ചാണ് രണ്ടാമത്തെ ട്രോൾ. യുഡിഎഫ് ഭരണകാലത്ത് മന്ത്രിമാരുടെ മൊത്തം ചികിത്സാ ചെലവ് 1.18 കോടി രൂപ. ഇതിനേക്കാൾ എത്രയോ കുറവാണ് എൽഡിഎഫ് ഭരണകാലത്ത്.
3. ഹെലികോപ്ടർ 1.80 കോടിക്ക് വാടകയ്ക്ക് എടുത്തൂവെന്ന് പറയുന്ന യുഡിഎഫ് 10 കോടി രൂപയ്ക്ക് ഒരിക്കലും പറക്കാത്ത വിമാനം വാങ്ങിയവരാണ്.
4. എന്തിന് കാബിനറ്റ് റാങ്ക്? കാബിനറ്റ് റാങ്ക് കൊടുത്തൂവെന്നു പറഞ്ഞ് ചെലവൊന്നും വർദ്ധിക്കുന്നില്ല. അതൊരു പദവി മാത്രമാണ്. ഡൽഹിയിൽ കാബിനറ്റ് റാങ്കുള്ള ഒരു സ്ഥിരം പ്രതിനിധി കേന്ദ്ര സർക്കാർ ഓഫീസുകളിൽ ഫലപ്രദമായി ഇടപെടുന്നതിന് ആവശ്യമാണ്. മറ്റു പല സംസ്ഥാന സർക്കാരുകൾക്കും ഇത്തരം പദവിയുള്ളവർ ഡൽഹിയിലുണ്ട്.
5. ഉപദേശകരാണ് മറ്റൊരു മഹാഅപരാധം. ഉപദേശകർ യുഡിഎഫ് ഭരണത്തിൽ ഉണ്ടായിരുന്നില്ലേ? മുഖ്യമന്ത്രിയുടെ ഉപദേശകരെല്ലാം ശമ്പളം വാങ്ങുന്നവരല്ലായെന്നുകൂടി പറയട്ടെ.
6. പരസ്യം തുടങ്ങിയ പ്രചാരണ പ്രവർത്തനങ്ങൾക്കുവേണ്ടി സർക്കാർ ചെലവഴിക്കുന്ന തുകയാണ് മറ്റൊരു വിമർശനം. 158 കോടി രൂപയാണ് യുഡിഎഫ് സർക്കാർ പിആർഡി വഴിയുള്ള പരസ്യങ്ങൾക്കു മാത്രം ചെലവഴിച്ചിട്ടുള്ളത്.
ഇങ്ങനെ ഇനിയും പലതുമുണ്ട്. യുഡിഎഫ് ചെയ്തതെല്ലാം എൽഡിഎഫിനുമാകാം എന്നല്ല വാദം. മേൽപ്പറഞ്ഞ ചെലവുകളെല്ലാം ഒരു പരിധിവരെ ഏതു സർക്കാരായാലും അനിവാര്യമാണ്. എൽഡിഎഫ് ഭരണത്തിൽ യുഡിഎഫിനെ അപേക്ഷിച്ച് ഇവയൊക്കെ താരമ്യേന കുറവാണ്. ഇന്നത്തെ സാഹചര്യത്തിൽ ഇതിലൊക്കെ എന്ത് മിതത്വമാകാം എന്നതിനെക്കുറിച്ചും ആലോചിക്കാം. പക്ഷെ, മേൽപ്പറഞ്ഞ ധൂർത്തുകളാണ് സാമ്പത്തിക പ്രതിസന്ധിക്ക് അടിസ്ഥാനമെന്നു പറഞ്ഞു കളയരുതേ... മേൽപ്പറഞ്ഞ ധൂർത്തുകളെല്ലാംകൂടി ചേർത്താലും കേരളത്തിന്റെ മൊത്തം ബജറ്റിന്റെ 0.1 ശതമാനംപോലും വരുമോ?

No comments:

A Lofty Principle

One of the most lofty doctrines of the Constitution of India is Article 14 which provides for equality before the law or equal protection of...