Saturday, March 30, 2019

രക്ഷപ്പെടണമെങ്കിൽ

കേരളത്തിൽ അതിഭീമമായ രീതിയിൽ വർധിച്ചുകൊണ്ടിരിക്കുന്ന കുറ്റകൃത്യങ്ങളുടെയും നിഷ്ടൂരപ്രവൃത്തികളുടെയും പിന്നിൽ മദ്യത്തിൻറെ ഉപയോഗത്തിന് ഒരു പ്രമുഖപങ്കുണ്ടെന്ന് സംശയലേശമന്യേ അനുമാനിയ്ക്കാനുതകുന്ന നിരവധി ഗവേഷണറിപ്പോർട്ടുകളുണ്ട്.മദ്യവും മയക്കുമരുന്നും കുറ്റകൃത്യങ്ങളും തമ്മിലുള്ള അഭേദ്യമായ ബന്ധം ശാസ്ത്രം അടിവരയിട്ടു പറയുന്ന കാര്യമാണ്. വളരെക്കാലമായുള്ള മദ്യപാനം അമിതമദ്യപാനം പോലെ തന്നെ ഒരു വ്യക്തിയുടെ തൽക്ഷണമുണ്ടാകുന്ന ആക്രമണോത്സുകത പതിന്മടങ്ങു വർധിപ്പിക്കുന്നു. മയക്കുമരുന്നിന്റെ കാര്യവും ഭിന്നമല്ല. കേരളത്തിലെ പ്രത്യേക ചില ഭക്ഷണസ്വഭാവങ്ങളും കുറ്റവാസന കൂട്ടുന്നവയാണ്.

കേരളത്തിൽ നിയന്ത്രണമില്ലാത്തതോതിലുള്ള മദ്യപാനമാണ് നടക്കുന്നതെന്ന് കേരള സ്റ്റേറ്റ്  ബീവറേജസ് ഡെവലപ്മെന്റ് കോർപറേഷന്റെ കണക്കുകൾ വ്യക്തമാക്കുന്നു. (കഴിഞ്ഞ സാമ്പത്തികവർഷം മുൻവർഷത്തേക്കാൾ 671 കോടി രൂപയുടെ വർദ്ധനവോടെ 11024  കോടി രൂപയുടെ മദ്യമാണ് കേരളം കുടിച്ചുതീർത്തത്)

മയക്കുമരുന്നിന്റെ കാര്യത്തിൽ അധികാരികളുടെ ഭാഗത്തുനിന്ന് ചില നടപടികൾ കാണുന്നുണ്ട്. കേരളത്തിലെ വർധിച്ചുവരുന്ന കുറ്റകൃത്യങ്ങൾക്ക് തടയിടണമെങ്കിൽ, ആരെല്ലാം എന്തെല്ലാം വാദമുഖങ്ങളുന്നയിച്ചാലും,  സംസ്ഥാനത്ത്  സംമ്പൂർണ്ണ മദ്യനിരോധനം കൊണ്ടുവന്നേ മതിയാവൂ. വരുമാനത്തിന്റെ ഗണ്യമായ ഒരു ഭാഗം മദ്യവില്പനയിലൂടെ കണ്ടെത്തി ശീലിച്ച കേരളത്തിൽ ഇത് അല്പം ദുഷ്കരമായ കാര്യമാണെന്നറിയാതെയല്ല ഇങ്ങനെ പറയുന്നത്. മദ്യത്തിനെ താങ്ങിനിൽക്കുന്ന സമ്പത് വ്യവസ്ഥ കേരളത്തിന്റെ സാമൂഹ്യ വ്യവസ്ഥിതിയെ താറുമാറാക്കിയിരിക്കുന്നു എന്ന് മനസ്സിലാക്കാൻ വലിയ ബുദ്ധിയുടെ ആവശ്യമില്ല

പുതിയ വ്യവസായങ്ങൾ, കൃഷിയ്ക്ക് കൂടുതൽ ഊന്നൽ, വിനോദസഞ്ചാരമേഖലയെ കൂടുതൽ പരിപോഷിപ്പിയ്ക്കൽ, കൂടുതൽ വിദേശമൂലധനത്തെ ആകർഷിയ്ക്കാനുള്ള നടപടികൾ, ഉത്പാദനക്ഷമതയെ ബാധിയ്ക്കുന്ന വിധ്വംസക പ്രവർത്തികൾ ഒഴിവാക്കൽ, കേരളീയരുടെ തൊഴിൽസംസ്കാരത്തിൽ അടിയന്തിരമായി ആവശ്യമുള്ള മാറ്റങ്ങൾ  തുടങ്ങിയുള്ള കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പതിപ്പിച്ച് എത്രയും പെട്ടെന്ന്  മദ്യം എന്ന കൊടും വിപത്തിനെയും മയക്കുമരുന്നിനെയും കേരളത്തിൽനിന്ന് കെട്ടുകെട്ടിയ്ക്കാനുള്ള ദൃഢനിശ്ചയവും ഇച്ഛാശക്തിയും  പ്രാപ്തിയുമാണ് അധികാരികളിൽ നിന്ന് കേരളം ഉറ്റുനോക്കുന്നത്.


.

No comments:

A Lofty Principle

One of the most lofty doctrines of the Constitution of India is Article 14 which provides for equality before the law or equal protection of...