Saturday, April 14, 2018


കേഴുക ഭാരതമേ

മനുഷ്യനെ മറ്റു ജീവികളിൽ നിന്നും വിഭിന്നമാക്കുന്നത് മനസാക്ഷി, വിവേകം, വിവേചന ബുദ്ധി എന്നിവയൊക്കെയാണെന്നാണല്ലോ പൊതുവെയുള്ള വിശ്വാസം. പക്ഷെ വിശ്വാസം അപ്പാടെ തെറ്റാണെന്നാണ് ഭാരതത്തിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങൾ അടിവരയിട്ടു പറയുന്നത്. സാംസ്കാരികമായ അധ:പതനത്തിന്റെ ഉത്തുംഗ ശൃംഗത്തിൽ മനുഷ്യൻ എത്തിച്ചേർന്നിരിക്കുന്നു. ദൃഷ്ടാന്തങ്ങൾ എണ്ണമറ്റവയായതു കൊണ്ട് ഇവിടെ അവ നിരത്തുന്നത് അതിസാഹസമായിരിക്കും.

നിഷ്കളങ്കതയുടെ പര്യായമായ ഒരു കൊച്ചുകുട്ടിക്കു ജമ്മു കാശ്മീരിൽ നേരിട്ട അനുഭവം ഭാരതത്തിനെന്നല്ല ലോകത്തിനാകെ അപമാനമാണ്.  ഇതൊന്നും അത്ര കാര്യമാക്കേണ്ടതില്ല, അല്ലെങ്കിൽ ഇവയൊന്നും  അസാധാരണമായ കാര്യങ്ങളല്ല  എന്ന നിലപാടെടുക്കുന്നവർ കൂടി വരുന്നത് ഭയാനകമായ ഒരു കാര്യമാണ്. സമീപനം   ഇതിനൊക്കെ മൗനാനുവാദം നൽകുന്നതിന് തുല്യവും തികച്ചും ആപൽക്കരവുമാണ്. 

മനസാക്ഷി ലവലേശമില്ലാത്ത, അതിരുകളില്ലാത്ത, കണ്ണിൽ ചോരയില്ലാത്ത, മൃഗങ്ങളെപ്പോലും കരയിപ്പിക്കുന്ന ക്രൂരതയുടെയും, ചതിയുടെയും വഞ്ചനയുടെയും  ദയാരാഹിത്യത്തിന്റെയും പര്യായമായി മനുഷ്യത്വം എന്ന പദം  മാറിയോ അതോ മനുഷ്യത്വം എന്നത് നിരർത്ഥകമായ ഒരു പദമായി മാറിയോ എന്നു മാത്രമേ സംശയമുള്ളൂ.

ഇതിന്റെയെല്ലാം ഉത്തരവാദിത്വം രാഷ്ട്രീയത്തിന്റെയും മതത്തിന്റെയും തലയിൽ കെട്ടിവച്ചിട്ടു മാറിനിന്നു ചിരിക്കുന്ന കശ്മലന്മാരെ നിലയ്ക്കുനിർത്താൻ കെല്പില്ലാതെ നിയമവ്യവസ്ഥ കേഴുന്നു. ഈശ്വരസന്നിധിയിൽ വച്ചു പോലും ക്രൂര കൃത്യങ്ങൾ  നടത്തുന്ന നരാധമന്മാർ രക്ഷപ്പെടുന്നു. അവരെ സംരക്ഷിക്കാൻ നിരവധി കശ്മലന്മാരൊത്തുകൂടുന്നു.

എല്ലാത്തിനും ഉപരിയായി നാം കരുതിയിരുന്ന മനസാക്ഷി മനുഷ്യകുലത്തോട് വിടപറഞ്ഞു കഴിഞ്ഞിരിക്കുന്നു. മനുഷ്യൻ എന്ന ജീവി പരിണാമത്തിലൂടെ മറ്റൊരു ജീവിയായി മാറിക്കൊണ്ടിരിക്കുകയാണോ എന്ന സംശയവും ബാക്കി നിൽക്കുന്നു. ഡാർവിന്റെ പരിണാമസിദ്ധാന്തം അങ്ങനെയൊരു സാധ്യത  നിഷേധിക്കുന്നില്ലല്ലോ.  കേഴുക ഭാരതമേ.

No comments:

A Lofty Principle

One of the most lofty doctrines of the Constitution of India is Article 14 which provides for equality before the law or equal protection of...